ഏക രാജാവ്
യേശു സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നതിനെക്കുറിച്ചു പാസ്റ്റര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനായ എലൈജാ, നമ്മുടെ പാപങ്ങള്‍ക്കായി അവന് മരിച്ചതിനു നന്ദിപറഞ്ഞുകൊണ്ട് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നെടുവീര്‍പ്പീട്ടു, 'ഓ, ഇല്ല, അവന് മരിച്ചോ?'' അത്ഭുതത്തോടെ കുട്ടി പറഞ്ഞു.
ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ആരംഭം മുതല്‍, അവന് മരിക്കണം എന്നാഗ്രഹിച്ച ആളുകള്‍ ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ ഭരണകാലത്ത് വിദ്വാന്മാര് യെരുശലേമില്‍ വന്ന് അന്വേഷിച്ചു: 'യെഹൂദന്മാരുടെ രാജാവായി പിറന്നവന് എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിക്കുവാന്‍ വന്നിരിക്കുന്നു' (മത്തായി 2:2). രാജാവ് ഇതു കേട്ടപ്പോള്‍, ഒരു ദിവസം തന്റെ പദവി യേശുവിനു കൈമാറേണ്ടിവരും എന്നു ഭയപ്പെട്ടു. അതിനാല്‍ ബേത്ലഹേമിലും ചുറ്റുപാടുകളിലും ഉള്ള രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാനായി പടയാളികളെ അയച്ചു. എന്നാല്‍ ദൈവം തന്റെ പുത്രനെ സംരക്ഷിക്കുകയും തന്റെ ദൂതനെ അയച്ച് ആ പ്രദേശം വിട്ടുപോകുവാനായി യേശുവിന്റെ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അവര്‍ ഓടിപ്പോകുകയും അങ്ങനെ അവന് രക്ഷപെടുകയും ചെയ്തു (വാ. 13-18).
യേശു തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കിയപ്പോള്‍, അവന് ലോകത്തിന്റെ പാപത്തിനായി ക്രൂശിക്കപ്പെട്ടു. അവന്റെ ക്രൂശിനു മുകളില്‍ സ്ഥാപിച്ചിരുന്ന മേലെഴുത്ത്, പരിഹാസ ദ്യോതകമായിട്ടാണെങ്കിലും ഇപ്രകാരമായിരുന്നു, 'യെഹൂദന്മാരുടെ രാജാവായ യേശു'' (27:37). എങ്കിലും മൂന്നു ദിവസത്തിനുശേഷം അവന് കല്ലറയില്‍ നിന്നും ജയാളിയായി ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അവന് കര്‍ത്താധി കര്‍ത്താവും രാജാധിരാജാവുമായി സിംഹാസനത്തില്‍ ഇരിക്കുന്നു (ഫിലിപ്പിയര്‍ 2:8-11).
രാജാവ് നമ്മുടെ - എന്റെയും നിങ്ങളുടെയും എലൈജായുടെയും - പാപത്തിനായി മരിച്ചു. അവന് നമ്മുടെ ഹൃദയങ്ങളില്‍ ഭരണം ചെയ്യുവാന്‍ നമുക്കനുവദിക്കാം.
ഇവിടെയായിരിക്കുമോ വ്യാളികള്‍?
മധ്യകാലഘട്ടത്തിലെ ഭൂപടങ്ങളില്‍, ഭൂപട നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയിരുന്ന അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിയില്‍ 'ഇവിടെയായിരിക്കും വ്യാളികള്‍' എന്നു രേഖപ്പെടുത്തുമായിരുന്നു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു - അതിനോടൊപ്പം അവിടെ പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭയാനക രൂപമുള്ള വ്യാളികളുടെ ചിത്രവും കൊടുത്തിരുന്നു.
മധ്യകാല ഭൂപട നിര്‍മ്മാതാക്കള്‍ ആ വാക്കുകള്‍ രേഖപ്പെടുത്തി എന്നതിനു തെളിവുകള്‍ ഒന്നുമില്ല, എങ്കിലും അവര്‍ അങ്ങനെ എഴുതിയെന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം 'ഇവിടെയായിരിക്കും വ്യാളികള്‍'' എന്നത് ആ സമയത്ത് ഞാനായിരുന്നുവെങ്കില്‍ എഴുതുവാന്‍ സാധ്യതയുള്ള വാക്കുകളായിരുന്നു അവ - വിശാലമായ അജ്ഞാത ഇടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലെങ്കിലും, അതൊരിക്കലും നല്ലതായിരിക്കില്ല എന്നു സൂചിപ്പിക്കുന്ന വാക്കുകളാണവ.
എന്നാല്‍ സ്വയ-പ്രതിരോധത്തിനും അപകടം ഒഴിവാക്കലിനും ഞാന്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന നയത്തിന് ഒരു പ്രശ്നമുണ്ട്: യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ധൈര്യമുള്ളവളായിരിക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ നേരെ വിപരീതമാണത് (2 തിമൊഥെയൊസ് 1:7).
യഥാര്‍ത്ഥത്തില്‍ അപകടകരമായതെന്ത് എന്നതിനെക്കുറിച്ചു ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരുവന് പറഞ്ഞേക്കാം. പൗലൊസ് വിശദീകരിക്കുന്നതുപോലെ, തകര്‍ന്ന ഒരു ലോകത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് ചിലപ്പോഴൊക്കെ വേദനാജനകമാണ് (വാ. 8). എന്നാല്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കൊണ്ടുവരപ്പെട്ടവരും തുടര്‍ന്നുള്ള ആത്മനിറവിന് ജീവിതം ഉള്ളിലുള്ളവരും പുറത്തേക്കൊഴുക്കുന്നവരും എന്നനിലയില്‍ (വാ. 9-10, 14) നമുക്കെങ്ങനെ മറിച്ചായിരിക്കാന്‍ കഴിയും?
ഇത്രയും സ്തംഭിപ്പിക്കുന്ന ഒരു ദാനം ദൈവം നമുക്കു തരുമ്പോള്‍, ഭയത്തോടെ ഉള്‍വലിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം-ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് ക്രിസ്തുവിനെ അനുഗമിച്ചു കടന്നു ചെല്ലുമ്പോള്‍ നാം നേരിടാന്‍ സാധ്യതയുള്ള എന്തിനെക്കാളും ഭയാനകമായതാണത് (വാ. 6-8, 12). നമ്മുടെ ഹൃദയവും ഭാവിയും അവനില്‍ ഭരമേല്പിച്ച് ആശ്രയിക്കാന്‍ നമുക്കു കഴിയും (വാ. 12).
ചരിയുന്ന ഗോപുരം
ഇറ്റലിയിലെ പിസ്സയിലുള്ള പ്രസിദ്ധമായ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'മില്ലേനിയം ടവര്‍'' എന്നാണതിനെ വിളിക്കുന്നത്. 2008 ല്‍ നിര്‍മ്മിച്ച അമ്പത്തിയെട്ടു നിലകളുള്ള ഈ അംബരചുംബി ഡൗണ്ടൗണ് സാന്‍ഫ്രാന്‍സിസ്കോയില്‍ തലയെടുപ്പോടെ -എന്നാല്‍ അല്പം ചരിവോടെ - നില്ക്കുന്നു.
പ്രശ്നം? അതിന്റെ എഞ്ചിനീയര്‍മാര്‍ അടിസ്ഥാനം ആഴത്തില്‍ ഇട്ടില്ല. അതിനാല്‍ ഇപ്പോള്‍ അവര്‍, കെട്ടിടം നിര്‍മ്മിച്ച സമയത്ത് അതിനു ചിലവായതിനെക്കാള് അധികം പണം മുടക്കി അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു-അഥവാ ഒരു ഭൂകമ്പം ഉണ്ടായാല്‍ കെട്ടിടം നിലംപതിക്കാതിരിക്കാന്‍ അതിന്റെ അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
ഇവിടത്തെ വേദനാജനകമായ പാഠം? അടിസ്ഥാനം നിര്‍ണ്ണായകമാണ്. നിങ്ങളുടെ അടിസ്ഥാനം ഉറപ്പുള്ളതല്ലെങ്കില്‍ അപകടം ഉറപ്പാണ്. യേശു തന്റെ ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ സമാനമായ ഒരു പാഠം പഠിപ്പിച്ചു. മത്തായി 7:24-27 ല്‍ അവന് രണ്ടു വീടു പണിക്കാരെ താരതമ്യപ്പെടുത്തി: ഒരുവന് പാറമേല്‍ വീടു പണിതവനും അപരന് മണലിന്മേല് പണിതവനും. ഒരു കൊടുങ്കാറ്റടിച്ചപ്പോള്‍, ഉറപ്പുള്ള അടിസ്ഥാനത്തിന്മേല് പണിത വീടു മാത്രമേ അവശേഷിച്ചുള്ളു.
നമ്മെ സംബന്ധിച്ച് എന്താണിതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം അവനിലുള്ള അനുസരണത്തിന്മേലും ആശ്രയത്തിന്മേലും വേണം പണിയുവാന്‍ എന്ന യേശു വ്യക്തമായി പഠിപ്പിക്കുന്നു (വാ. 24). നാം അവനില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ ജീവിതങ്ങള്‍ക്ക് ദൈവത്തിന്റെ ശക്തിയിലൂടെയും അവസാനിക്കാത്ത കൃപയിലൂടെയും ഉറപ്പുള്ള അടിസ്ഥാനം കണ്ടെത്തുവാന്‍ കഴിയും.
നാമൊരിക്കലും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടിവരികയില്ല എന്ന് ക്രിസ്തു വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ അവന് നമ്മുടെ പാറയാണെങ്കില്‍ ആ കൊടുങ്കാറ്റുകള്‍ ഒരിക്കലും അവനില്‍ വിശ്വാസത്താല്‍ ഉറപ്പിച്ച നമ്മുടെ അടിസ്ഥാനത്തെ ഒഴുക്കിക്കൊണ്ടുപോകയില്ല.
ഇപ്പോള്‍ മുതല്‍ ഒരു നൂറു വര്‍ഷങ്ങള്‍
'ഒരു നൂറു വര്‍ഷം കഴിഞ്ഞും ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്നു ഞാനാഗ്രഹിക്കുന്നു'' തിരക്കഥാ രചയിതാവായ റോഡ് സെര്‍ലിംഗ് 1975 ല്‍ പറഞ്ഞു. 'ദി ട്വിലൈറ്റ് സോണ്‍'' എന്നി ടിവി സീരിയലിന്റെ നിര്‍മ്മാതാവായ സെര്‍ലിംഗ്, ആളുകള്‍ തന്നെക്കുറിച്ച് 'അവന് ഒരു എഴുത്തുകാരന് ആയിരുന്നു' എന്നു പറയണം എന്നാഗ്രഹിച്ചു. ഒരു പൈതൃകം വെച്ചിട്ടുപോകണമെന്നുള്ള സെര്‍ലിംഗിന്റെ ആഗ്രഹത്തോട് - നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും നിലനില്‍പ്പും നല്കുന്ന ഒന്ന് - നമ്മില്‍ മിക്കവര്‍ക്കും താദാത്മ്യപ്പെടുവാന്‍ കഴിയും.
ജീവിതത്തിന്റെ ക്ഷണികമായ ദിനങ്ങളുടെ മധ്യത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ പോരാട്ടം നടത്തുന്ന ഒരു മനുഷ്യനെയാണ് ഇയ്യോബിന്റെ കഥ കാണിച്ചുതരുന്നത്. ഒരു ക്ഷണനേരത്തിനുള്ളില്‍, അവന്റെ സമ്പാദ്യങ്ങള്‍ മാത്രമല്ല അവന് ഏറ്റവും വിലപ്പെട്ട അവന്റെ മക്കള്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന് അത് അര്‍ഹിക്കുന്നതാണെന്ന് അവന്റെ സ്നേഹിതന്മാര് കുറ്റപ്പെടുത്തി. 'അയ്യോ എന്റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവച്ചെങ്കില്‍ കൊള്ളാമായിരുന്നു. അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്് പാറയില്‍ സദാകാലത്തേക്ക് കൊത്തിവച്ചെങ്കില്‍ കൊള്ളാമായിരുന്നു'' എന്ന് ഇയ്യോബ് നിലവിളിച്ചു (ഇയ്യോബ് 19:23-24).
ഇയ്യോബിന്റെ വാക്കുകള്‍ 'പാറയില്‍ സദാകാലത്തേക്ക് കൊത്തിവെച്ചു.'' അത് ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ താന്‍ വിട്ടിട്ടു പോന്നതിനെക്കാള്‍ അധികം അര്‍ത്ഥം തന്റെ ജീവിതത്തെ സംബന്ധിച്ച് ഇയ്യോബിനു വേണമായിരുന്നു. ദൈവത്തിന്റെ സ്വഭാവത്തില്‍ അവന് അതു കണ്ടെത്തി. 'എന്നെ വീെണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന് ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു'' എന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (19:25). ഈ അറിവ് അവന് ശരിയായ വാഞ്ഛ നല്കി: 'ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ വാഞ്ഛിക്കുന്നു'' (വാ. 27).
അവസാനത്തില്‍, അവന് പ്രതീക്ഷിച്ചത് അവനു കിട്ടിയില്ല. അതിലധികം അവന് കണ്ടെത്തി - സകല അര്‍ത്ഥങ്ങളുടെയും നിലനില്‍പ്പിന്റെയും ഉറവിടമായവനെ (42:1-6).
രഹസ്യമായ എത്തിച്ചുകൊടുക്കല്‍
മനോഹരമായ വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ നിറച്ച ഒരു തെളിഞ്ഞ ചില്ലുവെയ്സ് കലയെ അവളുടെ മുന്‍വാതിലില്‍ എതിരേറ്റു. ഏഴു മാസത്തോളം ഒരു അജ്ഞാത ക്രിസ്തുവിശ്വാസി, പ്രാദേശിക പൂക്കടയില്‍ നിന്നും കലയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിരുന്നു. ഓരോ മാസത്തെയും സമ്മാനത്തോടൊപ്പം തിരുവചനത്തില്‍നിന്നുള്ള പ്രോത്സാഹന വാക്യങ്ങളും അടിയില്‍, 'സ്നേഹത്തോടെ, യേശു'' എന്നു രേഖപ്പെടുത്തിയ കുറിപ്പും ഉണ്ടായിരുന്നു.
കല ഈ രഹസ്യ എത്തിച്ചുകൊടുക്കലിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പൂക്കള്‍ അവള്‍ക്ക് ആ വ്യക്തിയുടെ ദയയെ ആഘോഷിക്കുന്നതിനും തന്റെ ജനത്തിലൂടെ തന്റെ സ്നേഹം വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ വഴികളെ മനസ്സിലാക്കുവാനും അവസരം നല്കി. ഒരു മാരകമായ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന അവള്‍ക്ക് ദൈവത്തിലാശ്രയിക്കാന്‍ അതു പ്രചോദനമായി. ആ വര്‍ണ്ണാഭമായ പൂക്കളും കൈകൊണ്ടെഴുതിയ കുറിപ്പും അവളോടുള്ള ദൈവത്തിന്റെ സ്നേഹമസൃണ മനസ്സലിവ് അവള്‍ക്കുറപ്പിച്ചു കൊടുത്തു.
അയച്ചുകൊടുത്തയാളിന്റെ രഹസ്യാത്മകത, ദാനം ചെയ്യുന്ന സമയത്ത് തന്റെ ജനത്തിനുണ്ടായിരിക്കുവാന്‍ യേശു പ്രോത്സാഹിപ്പിക്കുന്ന ഹൃദയ പ്രേരണയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നീതിപ്രവൃത്തികള്‍ 'മറ്റുള്ളവരുടെ മുമ്പില്‍'' ചെയ്യുന്നതിനെതിരെ അവന് മുന്നറിയിപ്പു നല്കുന്നു (മത്തായി 6:1). ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുംവേണ്ടിയുള്ള നന്ദി നിറഞ്ഞു കവിയുന്ന ഹൃദത്തില്‍ നിന്നുള്ള ആരാധനയുടെ പ്രകടനമായിരിക്കണം സല്‍പ്രവൃത്തികള്‍. ബഹുമാനിക്കപ്പെടണം എന്ന പ്രതീക്ഷയോടെ നമ്മുടെ ഔദാര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നത് സകല നന്മയുടെയും ദാതാവായ യേശുവില്‍ നിന്ന് ശ്രദ്ധ തിരിച്ചുകളയും.
നല്ല ഉദ്ദേശ്യത്തോടെ നാം എപ്പോഴാണ് ദാനം ചെയ്യുന്നതെന്ന് ദൈവം അറിയുന്നു (വാ. 4). നാം അവനു മഹത്വവും ബഹുമാനവും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് സ്നേഹത്താല്‍ പ്രേരിതരായി ഔദാര്യം കാണിക്കാന്‍ അവന് ആഗ്രഹിക്കുന്നു.